എസ്ഡിപിഐ ഇഫ്താർ സംഗമം: തീവ്രവാദ സംഘടനകളുമായി ഇടത്, വലത് സഖ്യമെന്ന് ബിജെപി, എല്ലാം വർഗീയമാക്കുന്നുവെന്ന് മറുപടി

  • 22/03/2024

കോഴിക്കോട്: കോഴിക്കോട്ട് എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തതിൽ വിമർശനവുമായി ബിജെപി. തീവ്രവാദ സംഘടനകളുമായി ഇടത്, വലത് മുന്നണികൾ സഖ്യത്തിൽ ആണെന്നായിരുന്നു ബിജെപിയുടെ വിമർശനം. എന്നാൽ നോമ്പുതുറ സംഗമങ്ങളെ പോലും വർഗ്ഗീയമായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമമെന്ന് ഇരു മുന്നണികളും തിരിച്ചടിച്ചു.

എസ്ഡിപിഐ ഇന്നലെ വൈകീട്ട് കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലാണ് കോഴിക്കോട് മണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളും നേതാക്കളും പങ്കെടുത്തത്. എം കെ രാഘവനും എളമരം കരീമും എസ്ഡിപിഐ നേതാക്കൾക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയുമായി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻറെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐക്കൊപ്പം ഇരു മുന്നണികളിലെയും സ്ഥാനാർത്ഥികളും നേതാക്കളും എത്തിയത് ഒരു രാഷ്ട്രീയ സഖ്യത്തിൻറെ ഭാഗമെന്നാണ് ബിജെപിയുടെ വിമർശനം.

തീവ്രവാദ സംഘടനയുമായി എൽഡിഎഫും യുഡിഎഫും സഖ്യമുണ്ടാക്കിയിരിക്കുകയാണെന്നും വടകരയിൽ ഈ സഖ്യത്തിൻറെ പിന്തുണ ഷാഫി പറമ്പിലിനും കോഴിക്കോട്ട് എളമരം കരീമിനുമാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. എന്നാൽ എല്ലാത്തിനെയും വർഗ്ഗീയമായി കാണുന്ന ബിജെപിയുടെ ആരോപണങ്ങളെ തളളിക്കളയുന്നതായി എൽഡിഎഫും യുഡിഎഫും പ്രതികരിച്ചു. നോമ്പുകാലത്ത് ഇഫ്താർ സംഗമങ്ങളിലേക്ക് എല്ലാ വിഭാഗമാളുകളും ക്ഷണിക്കാറുണ്ട്. അത്തരത്തിലാണ് എസ്ഡിപിഐയുടെ ക്ഷണത്തെയും കണ്ടതെന്നും ഇരു മുന്നണികളും വിശദീകരിച്ചു. 

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ ഇക്കുറി എത്ര മണ്ഡലങ്ങളിൽ മൽസരിക്കും, മൽസരിക്കാത്തയിടങ്ങളിൽ പിന്തുണ ആർക്ക് തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾ സജീവമാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ചർച്ച പൂർത്തിയായെന്ന് അറിയിച്ച എസ്ഡിപിഐ, പക്ഷേ എത്രയിടങ്ങളിൽ മൽസരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വടകര മണ്ഡലത്തിൽ 2014ൽ 15000ത്തോളം വോട്ടുകളും 2019ൽ അയ്യായിരത്തിലേറെ വോട്ടുകളും എസ്ഡിപിഐ നേടിയിരുന്നു.

Related News