റിക്രൂട്ട്മെന്‍റ് ഏജന്‍റുമാരുടെ തട്ടിപ്പിന് ഇരയായി റഷ്യയില്‍ അകപ്പെട്ട് പോയെന്ന് തിരുവനന്തപുരം പൂവ്വാര്‍ സ്വദേശിയുടെ വെളിപ്പെടുത്തല്‍. യുദ്ധത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പൂവാര്‍ സ്വദേശി ഡേവിഡ് മുത്തപ്പനാണ് ദുരിത ജീവിതം പങ്കു വച്ചത്. റിക്രൂട്ടിംഗ് ഏജന്‍റ് അലക്സിനെതിരെ അടക്കം ഗുരുതര വെളിപ്പെടുത്തലാണ് ഡേവിഡ് നടത്തിയത്. ഇതിനിടെ, ഡേവിഡിനെ തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.
2023 നവംബറിലാണ് ഡേവിഡ് റഷ്യയിലെത്തിയത്. വാട്സാപ്പില്‍ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഏജൻസിയെ സമീപിക്കുന്നത്. ഏജന്‍റിന്‍റെ സഹായത്തോടെ ദില്ലിയിലെത്തി. അവിടെ നിന്നും റഷ്യയിലും.പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിച്ചുവെന്നും യുദ്ധഭൂമിയില്‍ കൂടുതല്‍ ഇന്ത്യക്കാരുണ്ടെന്നും ഡ്രോണ്‍ ആക്രമണത്തില്‍ കാലിന് ഗുരുതര പരിക്കുണ്ടെന്നും ഡേവിഡ് പറഞ്ഞു. സാമൂഹിക മാധ്യമത്തിലൂടെയാണ് ജോലി തേടി റഷ്യയിലെത്തിയത്.
മലയാളിയായ ഏജന്‍റ് അലക്സ് ആണ് റഷ്യയില്‍ സ്വീകരിക്കാനെത്തിയത്. അലക്സിന് 2000 ഡോളര്‍ നല്‍കിയെന്നും ഡേവിഡ് വെളിപ്പെടുത്തി. യുദ്ധസ്ഥലത്തേക്ക് വിടാതിരിക്കാൻ അഞ്ചു ലക്ഷം ആവശ്യപ്പെട്ടുവെന്നും ഡേവിഡ് പറഞ്ഞു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഡേവിഡ് പറഞ്ഞു. തോക്കു പരിശീലനം നിര്‍ബന്ധമായും വേണമെന്ന് പറഞ്ഞുവെന്നും അതിനെ ചോദ്യം ചെയ്തപ്പോള്‍ സൈന്യത്തിന് വേണ്ടിയുള്ള സുരക്ഷാ ജീവനക്കാരന്‍റെ ജോലിയാണെന്നാണ് പറഞ്ഞതെന്നും ഡേവിഡ് പറഞ്ഞു. യുദ്ധത്തിനിടെ പരിക്കേറ്റതോടെയാണ് ഡേവിഡ് വീട്ടുകാരെ ബന്ധപ്പെട്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?