തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം: യുഡിഎഫ് പരാതിയില്‍ കളക്ടര്‍ക്ക് തോമസ് ഐസക് വിശദീകരണം നല്‍കി

  • 25/03/2024

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫിന്റെ പരാതിയില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് ജില്ലാ കളക്ടര്‍ക്ക് വിശദീകരണം നല്‍കി. കുടുംബംശ്രീ, കെ-ഡിസ്ക് എന്നീ സർക്കാർ സംവിധാനങ്ങള്‍ പ്രചരണത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. യുഡിഎഫിന്റെ പരാതി അടിസ്ഥാന രഹിതമെന്നും ഇതിലുണ്ട്. ഇന്നലെയാണ് ഇദ്ദേഹം വിശദീകരണം നല്‍കിയത്. കുടുംബശ്രീ വഴി വായ്പ വാഗ്ദാനം, കെ. ഡിസ്ക് വഴി തൊഴില്‍ദാന പദ്ധതി എന്നിവയ്ക്കെതിരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 

പരാതി ഉയര്‍ന്നപ്പോള്‍ തന്നെ തോമസ് ഐസക് വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിട്ടില്ല, കുടുംബശ്രീയോഗം നടക്കുന്നുണ്ടെങ്കില്‍ അവിടെ കയറി വോട്ട് ചോദിക്കും, ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴില്‍ദാന പദ്ധതി. അതിനെ താറടിക്കാൻ ആണ് യുഡിഎഫ് ശ്രമമെന്നും ജനകീയ പരിപാടികള്‍ യുഡിഎഫിനെ അലട്ടുകയാണെന്നുമായിരുന്നു തോമസ് ഐസക് പറഞ്ഞത്.

അതിനിടെ തോമസ് ഐസകിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ രണ്ട് നേതാക്കള്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായതില്‍ കര്‍ശന നടപടിക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷമാകും കര്‍ശന നടപടിയിലേക്ക് പോവുക. അസാധാരണമായ സംഭവമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. 

Related News