സിദ്ധാര്‍ത്ഥന്‍റെ മരണം; ഉദ്യോഗസ്ഥ അനാസ്ഥയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, വീഴ്ച എണ്ണിപറഞ്ഞ് സസ്പെന്‍ഷൻ ഉത്തരവ്

  • 26/03/2024

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷവും സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്ന സംഭവത്തില്‍ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സംഭവത്തില്‍ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലാണ് വീഴ്ചകള്‍ എണ്ണിപറയുന്നത്. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ചയാണെന്നും എല്ലാ രേഖകള്‍ കൈമാറാൻ 17 ദിവസം വൈകിയെന്നും ഉത്തരവിലൂടെ വ്യക്തമായി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് പറയുന്ന സസ്പെന്‍ഷൻ ഉത്തരവില്‍ രേഖകള്‍ വൈകി കൈമാറിയ തീയതികള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്.

ഫെബ്രുവരി ഒമ്ബതിന് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറങ്ങിയിട്ടും 17 ദിവസം വൈകി ഇന്ന് മാത്രമാണ് എല്ലാ രേഖകളും കൈമാറിയത്. ഒമ്ബതിന് വിജ്ഞാപനം ഇറങ്ങിയെങ്കിലും ദിവസങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ 16ന് മാത്രമാണ് സര്‍ക്കാര്‍ വിജ്ഞാപനം സിബിഐയ്ക്ക് നല്‍കിയതെന്നും ഉത്തരവിലുണ്ട്. കൊച്ചിയിലെ സിബിഐ ഓഫീസിലേക്കാണ് വിജ്ഞാപനം അയച്ചുകൊടുത്തത്. വിജ്ഞാപനവും പ്രോഫോമ റിപ്പോര്‍ട്ടും ഇന്നാണ് അയച്ചത്. 16ന് കേന്ദ്രത്തിന് വിജ്ഞാപനം നല്‍കിയെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Related News