കാസര്‍കോട് പാലായിയിലെ ‌ഊരുവിലക്ക് ആരോപണം; 3 പരാതികളില്‍ 9 പേര്‍ക്കെതിരെ കേസ്

  • 26/03/2024

കാസർകോട് പാലായിയിലെ ഊരുവിലക്കില്‍, പറമ്ബില്‍ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തില്‍ മൂന്ന് പരാതികളിലായി ഒൻപത് പേർക്കെതിരെ കേസ്. രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്. സ്ഥലം ഉടമ എം കെ രാധയുടെ കൊച്ചുമകള്‍ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവർ നല്‍കിയ പരാതികളില്‍ 8 പേർക്കെതിരെയും അയല്‍വാസി ലളിത നല്‍കിയ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്.

പറമ്ബില്‍ അതിക്രമിച്ച്‌ കടക്കല്‍, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്. അനന്യയുടെ പരാതിയില്‍ സിപിഎം പാലായി തായല്‍ ബ്രാഞ്ച് അംഗം വി വി ഉദയൻ, പാലായി സെൻട്രല്‍ ബ്രാഞ്ച് അംഗം പത്മനാഭൻ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളി പടന്നക്കാട് കുറുന്തൂരിലെ കെ ഷാജിയുടെ പരാതിയില്‍ വി വി ഉദയൻ, കുഞ്ഞമ്ബു എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെയും ആണ് കേസ്.

പ്രദേശവാസിയായ കെ വി ലളിത നല്‍കിയ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളി ഷാജിക്കെതിരെയും കേസുണ്ട്. ലളിതയേയും കൂടെയുണ്ടായിരുന്ന പുഷ്പയേയും ഷാജി അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് കയ്യൂര്‍ സമര സേനാനി ഏലിച്ചി കണ്ണന്‍റെ കൊച്ചുമകള്‍ രാധ, മകള്‍ ബിന്ദു, കൊച്ചുമകള്‍ അനന്യ എന്നിവർക്ക് നേരെ അതിക്രമം ഉണ്ടായത്. പാലായി ഷട്ടര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട അപ്രോച്ച്‌ റോഡിന്‍റെ സ്ഥലം ഏറ്റെടുപ്പുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് എട്ട് വര്‍ഷത്തോളമായി സിപിഎമ്മിന്‍റെ ഊരുവിലക്കാണെന്നാണ് ഈ പാര്‍ട്ടി കുടുംബം പറയുന്നത്. എന്നാല്‍ ഒരു വിലക്കും ഇല്ലെന്നാണ് സിപിഎം വിശദീകരണം.

Related News