കത്തിയുമായി ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

  • 28/03/2024

ജഡ്‌ജിയുടെ ചേംബറില്‍ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ചങ്ങനാശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലാണ് സംഭവമുണ്ടായത്. ആക്രമണം നടത്തിയ കാരപ്പുഴ മാന്താറ്റ് വീട്ടില്‍ രമേശനെ (65) പൊലീസ് അറസ്‌റ്റ് ചെയ്തു.

ഒരു കേസില്‍ പ്രതിയായിരുന്ന രമേശൻ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ തേടിയാണ് കോടതിയില്‍ എത്തിയത്. രാവിലെ കോടതിയില്‍ എത്തിയ രമേശൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി. പിന്നീട് ജഡ്‌ജിയുടെ ചേംബറില്‍ തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

കോടതിയില്‍നിന്നു പുറത്താക്കിയ ഇയാള്‍ വൈകിട്ട് വീണ്ടും എത്തി. കത്തിയും വെട്ടുകത്തിയുമായി ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു. ഈ ശ്രമം തടയാൻ ശ്രമിച്ച കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്‌ഥൻ ജയന് വെട്ടേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ മറ്റ് പൊലീസുകാർ രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

Related News