ദുരൂഹത മാറാതെ പട്ടാഴിമുക്കിലെ വാഹനാപകടം; മൊബൈൻ ഫോണുകളുടെ ലോക്കഴിക്കാൻ ഫൊറൻസിക് പരിശോധന, അനുജയുടെ സംസ്കാരം ഇന്ന്

  • 29/03/2024

അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തിന്റെ ദുരൂഹത നീക്കാൻ പൊലീസ്. മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ ഫൊറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി മൊബൈലുകള്‍ വിദഗ്ധ പരിശോധനകള്‍ക്ക് അയക്കും.

ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും. വിനോദയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ തുമ്ബമണ്‍ സ്‌കൂളിലെ അധ്യാപികയായ അനുജയെ കാറില്‍ എത്തി ഹാഷിം നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചോദിച്ചപ്പോള്‍ ചിറ്റപ്പന്റെ മകനാണെന്നാണ് അനുജ സപഹപ്രവർത്തകരോട് പറഞ്ഞത്. 

എന്നാല്‍ ഇവരുടെ സൗഹൃദത്തെ കുറിച്ച്‌ രണ്ടു വീട്ടുകാർക്കും അറിവില്ല. ഇരുവരുടെയും മരണത്തില്‍ ദുരൂഹത തുടരുകയാണ്. കാര്‍ മനഃപൂര്‍വ്വം ട്രക്കിലിടിപ്പിച്ചതാണോ എന്ന സംശയത്തിലാണ് അടൂര്‍ പൊലീസ്. മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ശാസ്ത്രിയ പരിശോധനയിലൂടെ സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്ബിളുകള്‍ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളില്‍ നിന്ന് ശേഖരിച്ചു. വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ ലോക്കഴിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാൻ കഴിഞ്ഞില്ല.

ഈ സാഹചര്യത്തില്‍ വിദഗ്ധ പരിശോധനയ്ക്ക് ഫൊറൻസിക് ലാബിലേക്ക് ഫോണുകള്‍ അയക്കും. വാട്സ്‌ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ വീണ്ടെടുക്കാനാണ് ശ്രമം. അപകടം ഉണ്ടാകും മുൻപ് അനുജ അവസാനമായി സംസാരിച്ച തുമ്ബമണ്‍ സ്കൂളിലെ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

Related News