'ജനാധിപത്യ വിശ്വാസികള്‍ ആശങ്കയില്‍'; റിയാസ് മൗലവി വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇപി ജയരാജൻ

  • 30/03/2024

റിയാസ് മൗലവി വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്‌എസുകാരെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നതാണ്. ആര്‍എസ്‌എസുകാര്‍ പ്രതികളായി വരുന്ന ഇത്തരം കേസുകളില്‍ അവര്‍ക്കനുകൂലമായ വിധി വരുന്നതില്‍ ജനാധിപത്യ വിശ്വാസികളെയാകെ കടുത്ത ആശങ്കയിലാക്കുന്നതാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഇപി ജയരാജന്റെ കുറിപ്പ്: ''കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്‌എസുകാരെ വെറുതെ വിട്ട നടപടി ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കേസ് അന്വേഷിച്ച പോലീസും കോടതിയില്‍ കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂഷനും തീര്‍ത്തും കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിച്ചത്. സുപ്രീം കോടതി വരെ പോയിട്ടും ഏഴ് വര്‍ഷത്തിനിടെ പ്രതികള്‍ക്ക് ജാമ്യം പോലും ലഭിക്കാതിരുന്നത് അതിന്റെ തെളിവാണ്.''

''മൗലവിയുടെ ബന്ധുക്കള്‍ക്കും പോലീസിനും പ്രോസിക്യൂഷനും തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ടായ കേസ് കൂടിയാണിത്. 100 കണക്കിന് തെളിവുകള്‍ നിരത്തിയിട്ടും ഡി.എന്‍.എ ഫലം ഉള്‍പ്പടെ ഉണ്ടായിട്ടും അതൊന്നും ഗൗരവമായി കണക്കാക്കാതെയുള്ള വിധി അപ്രതീക്ഷിതവും നിരാശാജനകവുമാണെന്നാണ് വിധി വന്ന ശേഷം പ്രോസിക്യൂട്ടര്‍ പറഞ്ഞത്. ആര്‍എസ്‌എസുകാര്‍ പ്രതികളായി വരുന്ന ഇത്തരം കേസുകളില്‍ പോലും അവര്‍ക്കനുകൂലമായ വിധി വരുന്നതില്‍ ജനാധിപത്യ വിശ്വാസികളെയാകെ കടുത്ത ആശങ്കയിലാക്കുന്നതാണ്.''

Related News