വില്ലേജ് ഓഫിസര്‍ മനോജിന്റെ ആത്മഹത്യക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്

  • 31/03/2024

പത്തനംതിട്ട കടമ്ബനാട് വില്ലേജ് ഓഫീസർ മനോജിന്‍റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മർദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അടൂർ ആർഡിഒ കളക്ടർക്ക് റിപ്പോർട്ട് നല്‍കി. സമ്മർദം ഏത് രാഷ്ട്രീയ കക്ഷിയുടേതെന്ന് റിപ്പോർട്ടില്‍ പരാമർശമില്ല.

മാർച്ച്‌ 12നാണ് മനോജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തണമെന്നും വില്ലേജ് ഓഫീസർമാർ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

സഹപ്രവർത്തകരായ വില്ലേജ് ഓഫീസർമാർ തുടങ്ങി മനോജിന്‍റെ പരിചയക്കാരില്‍ നിന്നുവരെ അടൂർ ആർഡിഒ വിശദമായി മൊഴിയെടുത്തു. രാഷ്ട്രീയ സമ്മർദ്ദം കാരണം ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മനോജ് ഇതേതുടർന്നുള്ള മാനസിക സമ്മർദ്ദത്തിനൊടുവില്‍ വില്ലേജ് ഓഫീസർ ജീവനൊടുക്കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഭരണകക്ഷി നേതാക്കള്‍ക്കതിരെ കുടുംബം ആരോപണം ഉന്നയിച്ചെങ്കിലും ആർഡിഒയുടെ റിപ്പോർട്ടില്‍ ആരുടെയും പേരുകള്‍ പറയുന്നില്ല. റിപ്പോർട്ട് ജില്ലാ കളക്ടർ ഉടൻ സ‍ർക്കാരിന് കൈമാറും. ആത്മഹത്യക്ക് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് കുടുംബം പരാതി നല്‍കിയെങ്കിലും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

Related News