അടൂര്‍ പട്ടാഴിമുക്കില്‍ രണ്ടുപേര്‍ മരിച്ച കാര്‍ അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. കണ്ടെയ്‌നര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് അന്വേഷണത്തിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഇന്ന് ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും.
അപകടത്തില്‍ മരിച്ച ഹാഷിമും അനൂജയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാര്‍ അമിത വേഗതയിലായിരുന്നു. തെറ്റായ ദിശയിലാണ് കാര്‍ സഞ്ചരിച്ചിരുന്നത്. ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോറിയില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയര്‍ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങള്‍ ടയറിലും റോഡിലും കണ്ടെത്താനായിട്ടില്ല. എയര്‍ബാഗ് ഉള്ള മോഡല്‍ ആയിരുന്നില്ല കാര്‍. അതുകൊണ്ടു തന്നെ അപകടത്തില്‍ പരിക്ക് ഗുരുതരമായി മാറി. മനഃപൂര്‍വം കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്നാണ് ബോധ്യമാകുന്നതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. രാജസ്ഥാന്‍ രജിസ്‌ട്രേഷനുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
അനൂജ കാറില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള ദൃക്‌സാക്ഷി വെളിപ്പെടുത്തലുകളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനായി ഫോറന്‍സിക് പരിശോധനയും മൊബൈല്‍ഫോണ്‍ വിശദാംശങ്ങളും പരിശോധിക്കും. അനൂജയുടെ ജീവന്‍ കൂടി നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഹാഷിം ലോറിയിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വ്യാഴാഴ്ച രാത്രിയാണ് അടൂര്‍ പട്ടാഴിമുക്കിന് സമീപം കെപി റോഡില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുള്ള അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ തുടക്കം മുതലേ ദുരൂഹതകള്‍ ഉയര്‍ന്നിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?