12 ജില്ലകളില്‍ ഇന്ന് ചൂട് കൂടുതല്‍; തീരമേഖലയില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത

  • 01/04/2024

സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാല്‍ തന്നെ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 

കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ താപനില 37°C വരെയും ഉയരാം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയുമാകാം. സാധാരണയെക്കാള്‍ 2 മുതല്‍ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. അതേസമയം മധ്യ-വടക്കൻ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭ്യമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലും കേരളത്തില്‍ പലയിടങ്ങളിലും വേനല്‍ മഴ ലഭിച്ചിരുന്നു.

തീരമേഖലയില്‍ ഇന്നും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തെ തുടർന്ന് 1.16 മീറ്റർ വരെ ഉയരത്തില്‍ വേഗമേറിയ തിരകള്‍ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. തമിഴ്നാട് തീരത്തും ഉയർന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

Related News