'മരണശേഷം പരലോകത്തേയ്ക്ക് പോകാമെന്ന് പ്രലോഭിപ്പിച്ചു, ഭാര്യയേയും സുഹൃത്തിനെയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീന്‍'

  • 02/04/2024

അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്ബതികളും യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയേയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീന്‍ ആണ് എന്നാണ് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു.

മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീന്‍ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ മൂന്നുപേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നെന്നും മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു ചിന്തയെന്നുമാണ് പൊലീസ് പറയുന്നത്. ആര്യയ്ക്ക് നവീന്‍ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി നായര്‍ (29), ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41) എന്നിവരാണു മരിച്ചത്. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്റെയും ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്‌സ് റിട്ട. ഉദ്യോഗസ്ഥന്‍ അനില്‍കുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ.

ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാന്‍ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആര്യയെ 27 മുതല്‍ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 'സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങള്‍ പോകുന്നു' എന്ന കുറിപ്പും നാട്ടില്‍ വിവരം അറിയിക്കേണ്ടവരുടെ ഫോണ്‍ നമ്ബറും മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയിലെ മേശയിലുണ്ടായിരുന്നു. സിസിടിവിയില്‍ സംശായസ്പദമായൊന്നും കണ്ടെത്തിയിട്ടില്ല.

Related News