അരുണാചല്‍ പ്രദേശിലെ സീറോയില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്നുപേർ മരിച്ച സംഭവത്തില്‍ ദുർമന്ത്രവാദത്തിന്റെ സാധ്യതകളുറപ്പിച്ച് പോലീസ്. കേരള പോലീസും അരുണാചല്‍ പോലീസും ഇതു സംബന്ധിച്ച് സൂചനകള്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ദേവി(40), ഭർത്താവ് കോട്ടയം മീനടം സ്വദേശി നവീൻതോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂർക്കാവ് മണികണ്ഠേശ്വരം സ്വദേശി ആര്യാ നായർ(27) എന്നിവരെയാണ് സീറോയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ ചൊവ്വാഴ്ച കണ്ടെത്തിയത്. ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ ആര്യ മകളാണെന്നാണ് നവീനും ദേവിയും പറഞ്ഞത്.
നവീൻ മാത്രമാണ് തിരിച്ചറിയല്‍ രേഖ ഹോട്ടലില്‍ നല്‍കിയത്. മറ്റുള്ളവർ പിന്നീട് നല്‍കുമെന്ന് അറിയിച്ചു. മരിച്ച ദേവിയുടെ അച്ഛനുമായി അരുണാചല്‍ പോലീസ് സംസാരിച്ചപ്പോള്‍ ഇവർ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായും അത് വിലക്കിയിരുന്നതായും അറിയിച്ചതായി ലോവർ സുബാൻസിരി എസ്.പി. കെനി ബാഗ്ര പറഞ്ഞു. കേരള പോലീസുമായി സഹകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. അതീന്ദ്രിയശക്തിയെന്ന് വിശ്വസിക്കുന്ന സംഘങ്ങളുടെ ഇടപെടലുകളും മന്ത്രവാദസംശയവുമൊക്കെ അന്വേഷണപരിധിയില്‍ വരും.
മാർച്ച് 28-നാണ് ഇവർ ഹോട്ടലില്‍ 305-ാം നമ്ബർ മുറിയെടുക്കുന്നത്. 31 വരെ ഇവർ പുറത്ത് പോയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചശേഷമാണ് ഇവർ പുറത്തുപോയിരുന്നത്. എന്നാല്‍ ഒന്നാം തീയതി ഇവരെ കണ്ടില്ല. വൈകീട്ട് വിളിച്ചുനോക്കിയിട്ടും ആരും തുറന്നില്ല. രണ്ടാം തീയതി വാതില്‍ ശക്തിയായി തള്ളി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് എസ്.പി. പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നും എല്ലാ വശങ്ങളും പോലീസിന്റെ അന്വേഷണപരിധിയിലുണ്ടെന്നും എസ്.പി. വ്യക്തമാക്കി. നവീനും ദേവിയും മുൻപ് ഒരു തവണ അരുണാചലില്‍ എത്തിയെന്ന വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ ഇവർ കഴിച്ചതായും സൂചനയുണ്ട്. വീട്ടില്‍ നിന്നുമാറി കഴിഞ്ഞ രണ്ടുവർഷമായി പേരൂർക്കട അന്പലംമുക്കിലാണ് നവീനും ദേവിയും വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം. ഇടയ്ക്ക് കോട്ടയം മീനടത്തേക്കും പോകുമായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?