വടക്കഞ്ചേരിയില്‍ നിന്ന് കാണാതായ യുവതിയെയും മധ്യവയസ്കനെയും തൃശ്ശൂർ ഒളകര വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദ്, സിന്ധു എന്നിവരുടെ ദിവസങ്ങള്‍ പഴക്കമുളള മൃതദേഹമാണ് വനമേഖലയില്‍ നിന്ന് കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തി വിനോദ് ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. കിഴക്കഞ്ചേരി പനംകുറ്റി സ്വദേശി വിനോദിനെയും കടുമ്ബാമല ആദിവാസി കോളനിയിലെ സിന്ധുവിനെയും കഴിഞ്ഞ മാസം 27 മുതല്‍ കാണാതാവുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ടാപ്പിംഗ് തൊഴിലാളിയാണ് വിനോദ്. സിന്ധുവുമായി ഏറെനാളത്തെ സൗഹൃദം വിനോദിനുണ്ടായിരുന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണിയൻകിണർ മേഖലയില്‍ പോത്തുചാടിക്ക് അടുത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്ന് ഒന്നര കിലോമീറ്റർ മാറി ഉള്‍വനത്തിലായിരുന്നു മൃതദേഹം. വിനോദിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിന്ധുവിന്‍റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിയും. വിനോദിന്‍റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ മാർച്ച് 28ന് ആദ്യം ഈ വനമേഖലയിലും പിന്നെ വീട്ടിലും തൊട്ടടുത്ത ദിവസം വീണ്ടും വനമേഖലയിലും ഉണ്ടെന്നാണ് സൈബർ സെല്‍ കണ്ടെത്തല്‍. അതേസമയം സിന്ധുവിന്‍റെ മൊബൈല്‍ ഫോണ്‍ വനമേഖലയില്‍ വച്ചുതന്നെ ഓഫായി. സിന്ധുവിനെ കൊലപ്പടുത്തിയ ശേഷം തൂങ്ങിമരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.
ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ പീച്ചി പൊലീസ് കേസ്സടുത്തത്. വനമേഖലയില്‍ ഇരുവരുടെയും മൊബൈല്‍ സിഗ്ല്‍ കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക സംഘം ദിവസങ്ങളായി തെരച്ചില്‍ നടത്തിയിരുന്നു. മണ്ണിനടിയിലെ മാംസഗന്ധം വരെ തിരിച്ചറിയാൻ പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്ക്വാഡിനെ എറണാകുളത്ത് നിന്നെത്തിച്ചായിരുന്നു തെരച്ചില്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?