മാനവും മാനവിയും അമ്മത്തൊട്ടിലിലെ പുതിയ അതിഥികളായത് ഒരു പകലിന്റെ വ്യത്യാസത്തില്‍; മാനവിയെ ഐസിയുവിലേക്ക് മാറ്റി

  • 06/04/2024

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് ആസ്ഥാനത്തും ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു മുമ്ബിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളില്‍ വെള്ളിയാഴ്ച ഓരോ പുതിയ അതിഥികളെത്തി. തിരുവനന്തപുരത്ത് ആണ്‍കുട്ടിയെയും ആലപ്പുഴയില്‍ പെണ്‍കുട്ടിയെയുമാണ് ലഭിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിക്കാണ് ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ മൂന്നുദിവസം മാത്രം പ്രായമുള്ള പെണ്‍കുരുന്ന് അതിഥിയായി എത്തിയത്. അതേ ദിവസം രാത്രി 9.50നാണ് നാലുദിവസം പ്രായമുള്ള ആണ്‍കുട്ടി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ സംരക്ഷണത്തിനായി എത്തിയത്.

അമ്മത്തൊട്ടില്‍ ഏറ്റുവാങ്ങിയ കുരുന്നുകള്‍ക്ക് മാനവ്, മാനവി എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പത്രക്കുറിപ്പില്‍ അറിയിച്ചു. ജാതി മത വർഗ്ഗ ഭാഷാ വ്യത്യാസമില്ലാതെ നല്ല മൂല്യങ്ങളിലും ചിന്തയിലുമൂന്നി ദേശീയത എന്ന സങ്കല്പം മനസ്സില്‍ അതിരുകള്‍ വരയ്ക്കാതെ മനുഷ്യ മനസ്സുകളെ ഒന്നായി കണ്ട് മാനവീകതയുടെ ഉത്തുംഗ ശ്രേണിയിലേക്ക് വഴിനടത്തുക എന്നത് ഓരോ രാഷ്ട്രത്തിൻറെയും ഭരണാധികാരികളുടേയും ഉത്തരവാദിത്വമാണ് എന്നത് ഓർമ്മിപ്പിക്കുക കൂടിയാണ് പുതിയ അതിഥികള്‍ക്ക് ഇപ്രകാരം പേരിട്ടതെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.

Related News