ആകെ ഇരുട്ടിലാകും; സര്‍വകാല റെക്കോര്‍ഡിട്ട് വൈദ്യുതി ഉപഭോഗം

  • 07/04/2024

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നുതന്നെ തുടരുകയാണ്. ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവ്വകാല റെക്കോർഡിലെത്തി. 108.22 കോടി യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച കേരളം ഉപയോഗിച്ചത്. മാക്സിമം ഡിമാൻഡും 5364 മെഗാവാട്ട് എന്ന റെക്കോർഡിലേക്ക് കുതിച്ചിട്ടുണ്ട്.

ഏപ്രില്‍ 5 ന് 5353 മെഗാവാട്ടായിരുന്നു നമ്മുടെ ആകെ ആവശ്യകത. ഇതില്‍ 2800 മെഗാവാട്ടും സംസ്ഥാനത്തിനു പുറത്തുനിന്നും വാങ്ങിയെത്തിച്ച വിലകൂടിയ താപവൈദ്യുതിയാണ്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുമ്ബോഴും ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായി വൈദ്യുതിയെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് കെ എസ് ഇ ബി. എന്നാല്‍ ഈ ലക്ഷ്യം പൂർണ്ണമായും കൈവരിക്കുന്നതിന് ഉപഭോക്താക്കളുടെ സഹകരണം അനിവാര്യമാണ്.

വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതില്‍ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്ബോള്‍, ഒരേ നിരക്കില്‍ വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങള്‍ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താല്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്. കഴിയുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് രാത്രി 12 നു ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. വാഹനങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സിനും അതാണ് ഗുണകരം.

Related News