കരുവന്നൂര്‍ കേസ്; സിപിഎം നേതാക്കളെ എട്ടര മണിക്കൂര്‍ ചോദ്യം ചെയ്ത് ഇഡി; വീണ്ടും ഹാജരാവണമെന്ന് നിര്‍ദേശം

  • 08/04/2024

കരുവന്നൂർ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംപി കെ ബിജു എന്നിവരെ എട്ടര മണിക്കൂർ ചോദ്യം ചെയ്ത് ഇഡി വിട്ടയച്ചു. തൃശ്ശൂരില്‍ സിപിഎമ്മിന് വിവിധ സഹകരണ ബാങ്കുകളിലുള്ള അക്കൗണ്ടുകളെക്കുറിച്ചും ആസ്തി വിവരങ്ങളിലുമായിരുന്നു ചോദ്യം ചെയ്യല്‍.

ആസ്തി വിവരങ്ങള്‍ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം എം വർഗീസ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും ചോദ്യം ചെയ്യലിനായി എം എം വർഗീസിനോട് ഈ മാസം 22 ന് ഹാജരാകാനും പി കെ ബിജുവിനോട് അടുത്ത വ്യാഴ്ച ഹാജരാകാനും ഇഡി നിർ‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കരുവന്നൂരില്‍ സിപിഎം പുറത്തശ്ശേരി നോർത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ പേരില്‍ 5 രഹസ്യ അക്കൗണ്ട് ഉണ്ടെന്നും ക്രമക്കേട് നടന്ന കാലയളവില്‍ ഇതിലൂടെ 78 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നെന്നുമാണ് ഇഡി കണ്ടെത്തിയത്. ഈ അക്കൗണ്ടുകള്‍ മരവിപ്പിച്ച ഇഡി വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ആദായ നികുതി വകുപ്പിനും നല്‍കിയിട്ടുണ്ട്.

എന്നാല്‍, കരുവന്നൂർ ബാങ്കില്‍ സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ക്ക് അക്കൗണ്ട് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നാണ് എം എം വർഗീസ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിയുടെ സ്വത്ത് വിവരങ്ങളൊന്നും മറച്ച്‌ വെച്ചിട്ടില്ലെന്നും ഇഡിയെ ഭയക്കുന്നില്ലെന്നും വർഗീസ് കൊച്ചിയില്‍ പറഞ്ഞു.

Related News