'ഇടത് സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല' 62 ദിവസം നീണ്ട സമരം അവസാനിപ്പിച്ച്‌ കണ്ണീരോടെ സിപിഒ റാങ്ക്ഹോള്‍ഡേഴ്‌സ് മടങ്ങി

  • 13/04/2024

അർഹതപ്പെട്ട ജോലിയെന്ന സ്വപ്നം നേടിയെടുക്കാനാവാതെ സമരം അവസാനിപ്പിച്ച്‌ സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്. സർക്കാർ കൈവിട്ടതോടെ 62 ദിവസം നീണ്ടുനിന്ന സമരം നിർത്തി കണ്ണീരോടെയാണ് ഉദ്യോഗാർത്ഥികള്‍ തലസ്ഥാനം വിട്ടത്.ഊണും ഉറക്കവുമില്ലാതെ പഠിച്ചും കഷ്ടപ്പെട്ടും നേടിയെടുത്തതായിരുന്നു റാങ്ക് ലിസ്റ്റിലെ പേര്.

പലകുടുംബങ്ങളുടെയും പ്രതീക്ഷ. ഇന്നല്ലെങ്കില്‍ നാളെ ഒരു അഡ്വൈസ് മെമോ തങ്ങള്‍ക്കും കിട്ടുമെന്ന് കരുതി കാത്തിരുന്നത് അഞ്ചു വർഷം.ഒടുവില്‍ സർക്കാർ കൈവിടുമെന്ന് ഉറപ്പായതോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ പലവിധ സമരങ്ങള്‍. മുട്ടിലിഴഞ്ഞും മണ്ണ് തിന്നും വാ മൂടിക്കെട്ടിയുമെല്ലാം സർക്കാരിന്‍റെ കനിവിനായി കാത്തു. എല്ലാം കാക്കിയെന്ന സ്വപ്നത്തിനായി. ഒടുവില്‍ എല്ലാം അവസാനിപ്പിച്ച്‌ കലങ്ങിയ കണ്ണുകളും പിടയുന്ന മനസുമായി അവർ മടങ്ങി. പലർക്കും ഇനിയൊരു പരീക്ഷപോലും എഴുതാനാവില്ല.

13975 പേരുടെ പട്ടികയില്‍ നിന്ന് 4400 പേർക്കാണ് അഡ്വൈസ് ലഭിച്ചത്. ഒൻപതിനായിരത്തോളം പേർ പുറത്തായി.പ്രതീക്ഷിച്ച ഒഴിവുകളില്‍ അടക്കം നിയമനം നടത്തിക്കഴിഞ്ഞെന്നാണ് സർക്കാർ വാദം. നേരത്തെ ഡിജിപി നടത്തിയ ചർച്ചയില്‍ കണക്കുകള്‍ വിശദീകരിച്ചുവെന്നും സർക്കാർ പറയുന്നു.എന്നാല്‍ സർക്കാർ വഞ്ചിച്ചെന്നും ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ക്യാമ്ബെയിൻ നടത്താനുമാണ് തീരുമാനം.

Related News