'തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കും'; താമരശേരി രൂപതക്ക് മനംമാറ്റം, കേരള സ്റ്റോറി തത്കാലം പ്രദര്‍ശിപ്പിക്കില്ല

  • 13/04/2024

'ദ കേരള സ്റ്റോറി' സിനിമ പ്രദര്‍ശിപ്പിക്കാനുളള തീരുമാനം ഉടന്‍ നടപ്പാക്കേണ്ടെന്ന തീരുമാനത്തില്‍ താമരശേരി രൂപത. തെരഞ്ഞെടുപ്പ് കാലത്ത് സിനിമ പ്രദര്‍ശനം നടത്തുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം. അതിനിടെ, സഭയുടെ പേരില്‍ വര്‍ഗ്ഗീയ വിഷം വിളന്പാമെന്ന് ആരും കരുതേണ്ടെന്ന മുന്നറിയിപ്പുമായി ദീപിക എഡിറ്റോറിയല്‍ പുറത്തുവന്നു.

ഇടുക്കി രൂപതയക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കേരള സ്റ്റോറി സിനിമ രൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു താമരശേരിയിലെ കെസിവൈഎം നേതൃത്വം പ്രഖ്യാപിച്ചത്. ഇതേ നിലപാട് പ്രഖ്യാപിച്ച തലശേരി രൂപത അന്നുതന്നെ ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും നിലപാടുമായി മുന്നോട്ട് പോയ താമരശേരി രൂപതയാണ് സിനിമ പ്രദര്‍ശനം ഉടന്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ഇപ്പോള്‍ എത്തിയത്.

പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാദ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിലേക്ക് നയിച്ച പ്രധാന കാരണം. അതേസമയം, പ്രണയക്കെണിക്കെതിരായ ബോധവല്‍ക്കരണം തുടരുമെന്ന് രൂപത നേതൃത്വം അറിയിച്ചു. 

അതിനിടെ, കോടഞ്ചേരി അടക്കമുള്ള ചില കേന്ദ്രങ്ങളില്‍ കഴിഞ്‍ ദിവസം സിനിമ പ്രദര്‍ശനം നടന്നു. ഇത് സംഘടനയുടെ നേതൃത്വത്തില്‍ അല്ലെന്ന് കെസിവൈഎം അറിയിച്ചു. കേരള സ്റ്റോറി വിവാദത്തിനിടെ എല്ലാ വര്‍ഗ്ഗീതയതയെയും ഒരുപോലെ ചെറുക്കണമെന്ന സന്ദേശവുമായി ദീപിക എഡിറ്റോറിയല്‍ പുറത്ത് വന്നു.

Related News