'തനിക്കെതിരെ ഇത്ര വലിയ അപവാദം ഇതാദ്യം'; വാര്‍ത്താസമ്മേളനത്തില്‍ വികാരാധീനയായി കെകെ ശൈലജ

  • 15/04/2024

എല്‍ഡിഎഫ് സ്ഥാനാർത്ഥി എന്ന നിലയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയും അവരുടെ മീഡിയ വിഭാഗവും തന്നെ തേജോവധം ചെയ്യുകയാണെന്ന് കെകെ ശൈലജ ടീച്ചർ. തനിക്കെതിരെ വ്യാജ വീഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കുന്നു. അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും കെകെ ശൈലജ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് എതിർ സ്ഥാനാർത്ഥിക്കെതിരെ കെകെ ശൈലജ ഗുരുതര ആരോപണം ഉന്നയിച്ചത്. 

എന്റെ വടകര KL 11 എന്ന ഇൻസ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പാനൂർ സ്ഫോടനം പ്രതി അമല്‍ കൃഷ്ണയുടെ കൂടെ നില്‍ക്കുന്ന വ്യാജ ചിത്രം നിർമ്മിച്ച്‌ പ്രചരിപ്പിച്ചു. അത് നൗഫല്‍ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും നൗഫല്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നുവെന്നും കെകെ ശൈലജ പറഞ്ഞു. തന്റെ അഭിമുഖങ്ങളില്‍ നിന്ന് അടർത്തി മാറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. കാന്തപുരത്തിന്റെ ലെറ്റർ പാഡ് ഉപയോഗിച്ച്‌ തനിക്കെതിരെ അപവാദ പ്രചാരണം നടത്തി. ലെറ്റർ പാഡില്‍ ഇത് ടീച്ചറമ്മയല്ല ബോംബ് അമ്മ എന്ന പേരിലാണ് ഇത് പ്രചരിപ്പിച്ചത്. യുഡിഎഫ് വ്യാപകമായി വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. 

തനിക്കെതിരെ ഇസ്ലാം മതത്തിനിടയില്‍ വ്യാപക പ്രചാരണം നടക്കുന്നു. ഇത് എതിർ സ്ഥാനാർത്ഥി അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ദുഷ് പ്രചാരണം നടത്തുന്നത്. മകള്‍ മരിച്ച തന്റെ നാട്ടിലെ മമ്മൂട്ടിയെന്ന വ്യക്തിയെ പ്രകോപിപ്പിച്ച്‌ തനിക്കെതിരെ അഭിമുഖം എടുത്ത് പ്രചരിപ്പിച്ചു. തന്നെ കരിതേച്ച്‌ കാണിക്കുകയാണ്. തന്നെ ജനങ്ങള്‍ക്ക് അറിയാം. തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് അനുകൂലമായി പറഞ്ഞതും തെറ്റായി പ്രചരിപ്പിച്ചു. താൻ പല പ്രമുഖർക്ക് എതിരെയും മത്സരിച്ചിട്ടുണ്ട്. മുൻ അനുഭവങ്ങള്‍ ഇങ്ങിനെയായിരുന്നില്ല. എവിടുന്നോ കൊണ്ട് വന്ന സംഘമാണ് ഇതിന് പിന്നില്‍. ഇങ്ങിനെ പ്രവർത്തിച്ച്‌ ജയിക്കാമെന്ന വ്യാമോഹം വേണ്ട. ജനം ഇതെല്ലാം മനസിലാക്കും

Related News