മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവം; 'അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴി പകര്‍പ്പ് നല്‍കരുത്': ദിലീപിന്റെ ഹര്‍ജി പരിഗണിക്കും

  • 15/04/2024

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നല്‍കുന്നതിനെതിരായ ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് നല്‍കാൻ നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. നടിയുടെ ഉപഹർജിയിലായിരുന്നു നടപടി. എന്നാല്‍ അതിജീവിതയുടെ ഹർജി തീരുമാനമെടുത്ത് തീർപ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിള്‍ ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹർജിയില്‍ പറയുന്നത്.

ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയില്‍ ആരോപിക്കുന്നു. അതേസമയം നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിഷയത്തില്‍ സാക്ഷി മൊഴി പകർപ്പ് നല്‍കുന്നതില്‍ പ്രതിയായ ദിലീപിന് എന്തിനാണ് ആശങ്ക എന്നാണ് അതിജീവിത ഉന്നയിക്കുന്ന ചോദ്യം .മെമ്മറി കാർഡിലെ അനധികൃത പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ടിലെ കണ്ടെത്തല്‍ കോടതിയെ അടക്കം പ്രതിക്കൂട്ടില്‍ നിർത്തുമ്ബോള്‍ ആണ് ദിലീപിന്റെ ഹർജി.

അതേസമയം, കേസില്‍ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിയ്ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേല്‍ക്കോടതിയില്‍ നിന്ന് ഇക്കാര്യം മറച്ച്‌ വെച്ചു എന്നതിലാണ് അതീജിവിതയ്ക്കും നിയമ വിദഗ്ധർക്കും സംശയമുണ്ടാകുന്നത്. 

Related News