സിൽവർലൈൻ അട്ടിമറിക്ക് 150 കോടി കോഴ വാങ്ങിയെന്ന ആരോപണം, വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി തള്ളി

  • 18/04/2024

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 150 കോടി കോഴ വാങ്ങി എന്ന ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന ഹർജി കോടതി തള്ളി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. ഇടതുമുന്നണി പ്രവർത്തകൻ എ എച്ച് ഹഫീസ് ആണ് ഹർജി നൽകിയിരുന്നത്. അന്വേഷണത്തിന് അനുമതി ചോദിച്ച് വിജിലൻസ് സർക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യത്തിൽ മറുപടി ലഭിച്ചില്ലെന്ന് വിജിലൻസ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതിയെ അറിയിച്ചിരുന്നു. 

ആരോപണവുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിയുമോ എന്ന് കോടതി ഹർജിക്കാരനോട് രണ്ടുതവണ ആരാഞ്ഞിരുന്നു. എന്നാൽ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചില്ല. ഇത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയിരിക്കുന്നത്.

കെ- റെയിൽ പദ്ധതി അട്ടിമറിക്കാനായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇതര സംസ്ഥാന ലോബികളിൽ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. പി വി അൻവർ എംഎൽഎയാണ് ആദ്യം നിയമസഭയിൽ ഈ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് എ എച്ച് ഹഫീസ് ആദ്യം വിജിലൻസ് ഡയറക്ടർക്കും പിന്നീട് വിജിലൻസ് കോടതിയിലും ഹർജി സമർപ്പിച്ചത്.

Related News