മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരായ ഹർജിയിൽ ഇന്ന് വിധി

  • 19/04/2024

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ ഇന്ന് കോടതി വിധി പറയും.വിധി പകർപ്പ് തയ്യാറാക്കുന്നത് വൈകിയതിനാലാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. മുൻപ് ഹർജി പരിഗണിച്ചപ്പോൾ മാത്യു കുഴൽനാടൻ എം.എൽ.എ നിലപാട് മാറ്റിയത് കോടതിയുടെ വിമർശനത്തിന് വഴിവെച്ചിരുന്നു.

വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നായിരുന്നു നേരത്തെ കുഴൽനാടന്റെ ആവശ്യമെങ്കിൽ കോടതി നേരിട്ട് അന്വേഷിച്ചാൽ മതിയെന്നായിരുന്നു പിന്നീട് നിലപാട് മാറ്റിയത്. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്നതോടെയാണ് വീട്ടിലെത്തി ചോദ്യം ചെയ്തത്. കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിരുന്നു.

സിഎംആർഎല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആർഎല്ലിൽ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നൽകിയത് എന്നാണു വാദം. എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നൽകിയത് എന്ന പരാതികളെ തുടർന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചത്.

Related News