തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ചയില്‍ കമ്മീഷണറെയും എസിപിയെയും മാറ്റി മുഖം രക്ഷിക്കാൻ സർക്കാർ. പൊലീസ് ഇടപെടലില്‍ പൂരം അലങ്കോലമായതില്‍ വ്യാപക വിമർശനം ഉയർന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടുള്ള അടിയന്തര നടപടി. തൃശൂർ കമ്മീഷണർ അങ്കിത് അശോകിനെ സ്ഥലം മാറ്റും. അങ്കിതിന് പുറമേ, അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്‍കി.
തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിനിടെയുണ്ടായ വീഴ്ചകള്‍ വോട്ടെടുപ്പിന് 5 ദിവസം മാത്രം ബാക്കി നില്‍ക്കെ തൃശൂരില്‍ പുതിയ തെരഞ്ഞെടുപ്പ് വിഷയമായി മാറിക്കഴിഞ്ഞു. പൂരം നടത്തിപ്പിലെ വീഴ്ചകളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ബിജെപിയുടെ പ്രചരണം. പൂരം കുളമാക്കി ബിജെപിക്ക് വോട്ട് കിട്ടാന്‍ ഇടതുമുന്നണി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് പൊലീസിന്‍റെ അമിത നിയന്ത്രണമെന്നാണ് യുഡിഎഫ് വാദം.
അതിനിടെ പൊലീസ് പൂരം ദിവസം പൊലീസ് സംഘാടകരെ അടക്കം തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയുമാണ് പൊലീസ് തടഞ്ഞത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. എടുത്തുകൊണ്ടു പോടാ പട്ട എന്ന് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷണറുടെ വിശദീകരണം. പൂരം പ്രതിസന്ധിയില്‍ അന്വേഷണം വേണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?