തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ സർക്കാർ നടപടി; പൊലീസ് സേനയിൽ ഭിന്നത

  • 22/04/2024

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ സർക്കാർ നടപടിയിൽ പൊലീസ് സേനയിൽ ഭിന്നത. കമ്മിഷണർക്കൊപ്പം എസിപി സുദർശനെതിരായ നടപടിയാണ് ഭിന്നതയുണ്ടാക്കിയത്. കമ്മിഷണറുടെ അനാവശ്യ ഇടപെടലിൽ ഇരയായത് എസിപി സുദർശനെന്ന് ആരോപണം. എസിപി സുദർശനെതിരായ നടപടി പുനഃപരിശോധിക്കണമെന്നാവശ്യം ഉയരുന്നു. പ്രശ്നപരിഹാരത്തിന് ശ്രമിച്ച എസിപിക്കെതിരായ നടപടി മനോവീര്യം തകർക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണർ സുദർശനനെയും സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സർക്കാർ നടപടിയെടുത്തത്. തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നിൽ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ സർക്കാർ നടപടിയിലേക്കു കടന്നത്.

Related News