വീടുകളില്‍ ആളില്ലാത്ത സമയത്ത് കൃത്യമായി മോഷണം; മുഖംമൂടി സംഘത്തിന് പ്രാദേശിക സഹായം സംശയിച്ച്‌ പൊലീസ്

  • 22/04/2024

കാസർകോട് ജില്ലയില്‍ കവര്‍ച്ചാ പരമ്ബര. ഉപ്പള സോങ്കാലിലും തൃക്കരിപ്പൂരിലും വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. കഴിഞ്ഞ ദിവസവും നെല്ലിക്കട്ടയിലും വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നിരുന്നു.

ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ പ്രവാസിയായ ബദറുല്‍ മുനീറിന്റെ വീട് കുത്തിത്തുറന്നാണ് സ്വർണ്ണവും പണവും മോഷ്ടിച്ചത്. അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കള്ളന്മാർ കൊണ്ടുപോയി. ബദറുല്‍ മുനീറിന്റെ ഭാര്യയും രണ്ടു കുട്ടികളും പിതാവിൻറെ വീട്ടില്‍ പോയ സമയത്തായിരുന്നു കവർച്ച. മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച വീട്ടുടമയുടെ സഹോദരൻ റാഷിദിനെ ആക്രമിച്ചാണ് മുഖംമൂടി സംഘം രക്ഷപ്പെട്ടത്. സിസിടിവിയില്‍ കള്ളന്മാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കുമ്ബള പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃക്കരിപ്പൂർ പരത്തിച്ചാലിലെ എംവി രവീന്ദ്രന്റെ വീട് കുത്തിത്തുറന്ന് ആറ് പവൻ സ്വർണാഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്. കുടുംബാംഗങ്ങള്‍ ബംഗളൂരുവിലെ മകളുടെ വീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടുകാരില്ലാത്ത സമയം നോക്കിയാണ് കവർച്ച നടന്നത് എന്നതിനാല്‍ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

Related News