'അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം', ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് പിണറായി

  • 25/04/2024

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന് ഉറപ്പാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പത്ത് സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പരാമർശത്തോട് മുഖ്യമന്ത്രി പരിഹാസത്തോടെയാണ് പ്രതികരിച്ചത്. അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

എൽഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ. രാജ്യത്താകെ ബിജെപിക്കെതിരെയുള്ള ജന മുന്നേറ്റമാണ് കാണുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷണത്തിന് ഇതാണ് ഏറ്റവും പ്രധാനപ്പെട്ട അവസരമെന്ന് ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞ് ബിജെപിക്കെതിരെയുള്ള വലിയൊരു മുന്നേറ്റം എല്ലായിടത്തും ഉയർന്നുവരികയാണെന്നും വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി മാധ്യങ്ങളോട് പ്രതികരിച്ചു.

കേരളത്തിൽ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. കേരളത്തെ എങ്ങനെ തകർക്കാമെന്ന് ബിജെപി സർക്കാർ കഴിഞ്ഞ അഞ്ച് വർഷം ശ്രമിച്ചു. ഇതിനെതിരെ പ്രതികരിക്കേണ്ട യുഡിഎഫ് കേരള വിരുദ്ധ സമീപനം സ്വീകരിച്ചു. ജനങ്ങൾ വലിയ മനോവേദനയോടെയാണ് ഇത് ഉൾക്കൊണ്ടത്. അതിനെതിരായ വികാരം അലയടിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിൽ പത്ത് സീറ്റ് നേടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്ന റിപ്പോർട്ടറുടെ ചോദ്യത്തിന് പൊട്ടിച്ചിരി ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിൽ പൂജ്യമുണ്ടാകും ഒന്നുണ്ടാകില്ലെന്ന് മാത്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഗോൾവാൾക്കറുടെ മുമ്പിൽ താണുവണങ്ങുന്നവർക്ക് മാത്രമേ ആ അന്തർധാര ഉണ്ടാക്കാൻ കഴിയൂ. എല്ലാ കാലത്തും വർഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച പ്രസ്ഥാനമാണ് സിപിഎം. അതിൽ ആർഎസ്എസിന്റെ കൊലക്കത്തിക്ക് ഇരയായ നിരവധി സഖാക്കൾ ഇവിടെയുണ്ട്. അതൊന്നും ഇപ്പോൾ ഓർമിപ്പിക്കേണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് നൽകിയ മറുപടി.

Related News