കെഎസ്‌ആര്‍ടിസി നവകേരള ബസിന് റൂട്ടായി, മെയ് 5 മുതല്‍ ഓടി തുടങ്ങും

  • 30/04/2024

നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയ നവകേരള ബസ് മെയ് അഞ്ച് മുതല്‍ വീണ്ടും നിലത്തിലിറങ്ങും.

പൊതുജനങ്ങള്‍ക്കുള്ള സാധാരണ സര്‍വീസാണ് മെയ് അഞ്ച് മുതല്‍ ആരംഭിക്കുക. നവകേരള ബസിന്‍റെ റൂട്ടും കെഎസ്‌ആര്‍ടിസി നിശ്ചയിച്ചു. മെയ് അഞ്ച് മുതല്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടിലായിരിക്കും സര്‍വീസ് നടത്തുക. പുലര്‍ച്ചെ നാലു മണിക്കായിരിക്കും കോഴിക്കോട് നിന്ന് പുറപ്പെടുക. രാവിലെ 11.35ന് ബെംഗളൂരുവിലെത്തും. തിരിച്ച്‌ ഉച്ചയ്ക്കുശേഷം 2.30ന് ബെംഗളൂരുവില്‍ നിന്ന് കോഴിക്കോടേക്കും സര്‍വീസ് നടത്തും. 1171 രൂപയാണ് ബെംഗളൂരുവരെയുള്ള ടിക്കറ്റ് നിരക്ക്.

കോഴിക്കോട് നിന്നും കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി, ഗുണ്ടല്‍പേട്ട്, മൈസൂരു, മണ്ഡ്യ വഴിയാണ് റൂട്ട് നിശ്ചയിച്ചത്. കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളില്‍ ബസിന് സ്റ്റോപുകളുമുണ്ടാകും. സര്‍വീസ് ആരംഭിക്കാനായി ബുധനാഴ്ച വൈകീട്ട് ബസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.

കെഎസ്‌ആര്‍ടിസിക്ക് വേണ്ടി ഓടാൻ പാകത്തില്‍ രൂപമാറ്റം വരുത്തി തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയില്‍ റിലീസ് കാത്ത് കിടക്കുകയാണ് ബസ്. കോഴിക്കോട്- ബെംഗളൂരു റൂട്ടിലായിരിക്കും ബസ് സര്‍വീസ് നടത്തുകയെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും എന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുകയെന്ന കാര്യം ഉള്‍പ്പെടെ തീരുമാനമായിരുന്നില്ല. നടപടികളെല്ലാം പൂര്‍ത്തിയാക്കിയാണിപ്പോല്‍ സമയക്രമം ഉള്‍പ്പെടെ കെഎസ്‌ആര്‍ടിസി പുറത്തുവിട്ടത്.

Related News