നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്, പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍വീസ് ആരംഭിക്കുന്നത് മെയ് അഞ്ച് മുതല്‍. എന്നാല്‍ അതിന് മുന്‍പ് ബസില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് കെഎസ്‌ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ഈ ബസ് നിലവിലുള്ളത് തിരുവനന്തപുരത്താണ്. മെയ് അഞ്ചിനാണ് കോഴിക്കോട്- ബംഗളൂരു സര്‍വീസ് ആരംഭിക്കുന്നത്.
ഇതിനായി ബസ് കോഴിക്കോടേക്ക് പോവുകയാണ്. ഈ യാത്രയിലാണ് പൊതുജനങ്ങള്‍ക്ക് ഭാഗമാകാന്‍ അവസരമുള്ളത്. ഇന്ന് വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടിന് സര്‍വീസായി പോകുന്നതാണ്. ഈ ട്രിപ്പില്‍ ടിക്കറ്റ് എടുത്ത് പരമാവധി ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതാണെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.
ഏറെ ചര്‍ച്ചയായ നവകേരള ബസ് മെയ് അഞ്ച് മുതല്‍ ഗരുഡ പ്രീമിയം എന്ന പേരിലാണ് കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുക. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ആധുനിക രീതിയിലുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് ബസിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ ശുചിമുറി, വാഷ്ബേസിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിനോദത്തിനായി ടിവിയും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും സജ്ജീകരിച്ചിട്ടുണ്ടെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?