സംസ്ഥാനത്ത് മേഖല തിരിച്ച്‌ വൈദ്യുതി നിയന്ത്രണം തുടങ്ങി; ഇന്ന് പാലക്കാട്

  • 03/05/2024

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം കെഎസ്‌ഇബി ആരംഭിച്ചു. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തില്‍ പാലക്കാട്ട് നിയന്ത്രണമേർപ്പെടുത്തി. ഇന്ന് രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കും ഇടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പുറത്തിറക്കിയ സർക്കുലറില്‍ വ്യക്തമാക്കുന്നത്.

ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്ബി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ, ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം. മേഖലകളില്‍ നിയന്ത്രണത്തിനു ചീഫ് എഞ്ചിനീയർമാരെ കെഎസ്‌ഇബി ചുമതലപ്പെടുത്തിയിരുന്നു.

ഇതിനിടെ, വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ കെഎസ്‌ഇബി മാർഗ നിർദേശം പുറത്തിറക്കി. രാത്രി 10 മുതല്‍ പുലർച്ചെ 2 മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്. രാത്രി 9 കഴിഞ്ഞാല്‍ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത്. വീടുകളില്‍ എ സി 26 ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്‌ഇബി സർക്കാരിന് റിപ്പോർട്ട് നല്‍കും. ജല വിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റി പമ്ബിങ് ക്രമീകരണം നടത്തണമെന്നും ലിഫ്റ്റ് ഇറിഗേഷൻ പമ്ബുകള്‍ പീക്ക് സമയത്ത് ഉപയോഗിക്കരുതെന്നും വാട്ടർ അതോറിറ്റിക്കും നിർദേശമുണ്ട്.

Related News