കെഎസ്‌ആര്‍ടിസി ബസിന് മുന്നില്‍ മേയര്‍ വാഹനം നിര്‍ത്തിയിട്ട സംഭവം; നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കി കോടതി

  • 04/05/2024

മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാര്‍ കെഎസ്‌ആര്‍ടിസി ബസിന് മുന്നില്‍ നിര്‍ത്തിയിട്ട സംഭവത്തില്‍ പരിശോധിച്ച്‌ നടപടിയെടുക്കാൻ കന്റോണ്‍മെന്റ് പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയില്‍ ആണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നായിരുന്നു ബൈജു നോയല്‍ നല്‍കിയ പരാതി.

മേയറും സംഘവും കെഎസ്‌ആർടിസി ബസ് തടഞ്ഞ വിവാദ സംഭവത്തിലാണ് ഡ്രൈവർ യദു കോടതിയിലെത്തിയത്. ബസ് തടഞ്ഞ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി . മേയറുടെ ഭർത്താവും എംഎല്‍എയുമായി സച്ചിൻദേവ് ബസില്‍ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. മേയർക്കും എംഎല്‍എക്കും പുറമെ കാറിലുണ്ടായിരുന്ന ബന്ധുക്കള്‍ക്കെതിരെയും പരാതിയുണ്ട്. പരാതി ഫയലില്‍ സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റി. 

പൊലീസ് യദുവിൻറെ പരാതിയില്‍ കേസെടുക്കാൻ തയ്യാറാകാത്തത് ചർച്ചയാകുന്നതിനിടെയാണ് കേസ് കോടതിയിലെത്തുന്നത്. ഇതിനിടെ ബസിലെ കണ്ടക്ടർ സുബിനെതിരെ കടുത്ത ആരോപണം യദു ഉന്നയിച്ചു. പിൻസീറ്റില്‍ ഇരിക്കുന്നതിനാല്‍ എംഎല്‍എ ബസില്‍ കയറിയത് കണ്ടില്ലെന്ന് കണ്ടക്ടർ പൊലീസിന് നല്‍കിയ മൊഴി കള്ളമാണെന്ന് യദു കുറ്റപ്പെടുത്തി. പൊതുഗതാഗതം തടസ്സപ്പെടുത്തിയതില്‍ മേയർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് അഭിഭാഷകനായ ബൈജു നോയല്‍ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കന്റോണ്‍മെന്റ് പൊലീസിനോട് അന്വേഷിച്ച്‌ നടപടി എടുക്കാൻ നിർദേശിച്ചത്. എന്നാല്‍ ബസിലെ മെമ്മറി കാർഡ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

Related News