വൈദ്യുതി മുടങ്ങി, കെഎസ്‌ഇബി ഓഫീസിലെത്തി അതിക്രമം; 15 പേര്‍ക്കെതിരേ കേസ്

  • 04/05/2024

വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിലെത്തി നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കെ.എസ്.ഇ.ബി പന്തീരാങ്കാവ് സെക്ഷന്‍ ഓഫീസില്‍ പ്രതികള്‍ അതിക്രമം കാണിച്ചത്. 

പന്തീരാങ്കാവ്, അത്താണി, മണക്കടവ് ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചതോടെ ഒരു സംഘം ആളുകള്‍ ഓഫീസിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇവര്‍ കെ.എസ്.ഇ.ബി ഓഫീസിലെ ബോര്‍ഡ് തകര്‍ത്തതായും സംഭവ സമയത്ത് ഇവിടെയുണ്ടായിരുന്ന ഓവര്‍സിയറെ അസഭ്യം പറഞ്ഞതായും കാണിച്ച്‌ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സ്ഥാപനത്തിന്റെ ഗ്രില്‍സ് അടച്ചു പൂട്ടിയതുകൊണ്ടാണ് ഓവര്‍സിയര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ജീവനക്കാര്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. 

അതേസമയം, നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലച്ച്‌ 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി നിലയ്ക്കുന്നതാണ് വിതരണം മുടങ്ങാന്‍ കാരണമായതെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉപയോഗം പരമാവധി നിയന്ത്രിച്ചാലേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ പറയുന്നു.

Related News