പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്‌എസ്‌എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

  • 08/05/2024

കുട്ടികളുടെ അക്കാദമിക് നിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മുതല്‍ എസ്‌എസ്‌എല്‍സി പരീക്ഷാ രീതി മാറ്റുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യസമന്ത്രി വി ശിവന്‍കുട്ടി. പേപ്പര്‍ മിനിമം എര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും ഇതിനായി വിവിധ മേഖലയിലെ വിദഗ്ധന്‍മാരെ സംഘടിപ്പിച്ച്‌ വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. 

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിക്കുന്നതിന് നിലവില്‍ നിരന്തരം മൂല്യനിര്‍ണയം, എഴുത്തുപരീക്ഷ എന്നിവ രണ്ടുചേര്‍ത്ത് ആകെ മൂപ്പത് ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. അതായത് നൂറ് മാര്‍ക്കിന്റെ എഴുത്തുപരീക്ഷയില്‍ വിജയിക്കുവാന്‍ നിരന്തരമൂല്യനിര്‍ണയത്തിന്റെ ഇരുപത് മാര്‍ക്കും ഒപ്പം പത്ത് മാര്‍ക്കിന് എഴുതിയാല്‍ വിജയിക്കാനാവും. 2025ല്‍ നടക്കുന്ന എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഹയര്‍സെക്കന്‍ഡറിയില്‍ നിലവില്‍ ഉള്ളതുപോലെ എഴുത്തുപരീക്ഷയില്‍ പ്രത്യേകം പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. വിദ്യാഭ്യാസരംഗത്തെ പ്രമുഖര്‍, അധ്യാപകര്‍, രക്ഷിതാക്കളുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു

പരീക്ഷയില്‍ വിജയിക്കുന്നതിന് ഒരോ വിഷയത്തിനും എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് പ്രത്യേകം നേടിയിരിക്കണം. 40 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാന്‍ ഓരോ വിഷയത്തിനും 12 മാര്‍ക്കും 80 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാന്‍ ഓരോവിഷയത്തിനും 24 മാര്‍ക്കും നേടിയിരിക്കണം. അതിനൊപ്പം നിരന്തരമൂല്യനിര്‍ണയത്തിന്റെ മാര്‍ക്കും കണക്കാക്കിയാകും ഫലം നിര്‍ണയിക്കുക.

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി ഫലങ്ങളും പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,27,153 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,25,563 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്‌എസ്‌എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്(0.01)

Related News