പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി നാളെ മുതല്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. കെഎസ്‌ആര്‍ടിസിയുടെ സ്ഥലങ്ങള്‍ നാളെ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.
പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.
ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് സർക്കാർ പരിഷ്കാരം നടപ്പാക്കുന്നത്. അത് തടസ്സപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. സിഐടിയു നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്കൂള്‍ അസ്സോസിയേഷൻ നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് ഇക്കാര്യത്തില്‍ ചർച്ച നടത്തുന്നതിനും സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളില്‍ ഇളവുകളും സാവകാശവും അനുവദിക്കാൻ സർക്കാർ സന്നദ്ധമായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?