പൊലീസ് സംരക്ഷയില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണം ഇന്നും തടസപ്പെട്ടു. ചിലയിടങ്ങളില്‍ സംയുക്ത സമരസമിതി ഗ്രൌണ്ടില്‍ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാല്‍ പലയിടത്തും അപേക്ഷകരെത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി. തൃശ്ശൂർ, തിരുവനന്തപുരം അടക്കം ചിലയിടങ്ങളിലാണ് സംയുക്ത സമരസമിതിയുടെ പ്രതിഷേധമുണ്ടായത്.
തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും അനിശ്ചിതത്വത്തിലാണ്. ഗ്രൗണ്ടിന് മുന്നില്‍ പ്രതിഷേധ സമരക്കാർ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. തൃശ്ശൂർ അത്താണിയില്‍ സമരസമിതി പ്രവർത്തകർ കുഴിമാടം തീര്‍ത്ത് പ്രതിഷേധിച്ചു. ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടില്‍ കുഴിയുണ്ടാക്കി അതിലിറങ്ങി കിടന്നായിരുന്നു പ്രതിഷേധം.
എറണാകുളത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. അപേക്ഷകർ ആരും എത്താതിരുന്നതോടെ ഉദ്യോഗസ്ഥർ മടങ്ങി. തിരുവനന്തപുരത്ത് സ്ളോട്ട് ലഭിച്ച 21 അപേക്ഷകരില്‍ ആരും എത്തിയില്ല. റോഡ് ടെസ്റ്റിനായി മാത്രം ചിലർ എത്തിയിരുന്നു. കോഴിക്കോട് ആറാം ദിവസവും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. സ്ലോട്ട് നല്‍കിയെങ്കിലും ആരും സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തിയില്ല. താമരശേരിയില്‍ സമരക്കാർ കഞ്ഞി വെച്ച് പ്രതിഷേധിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?