കുടകിലെ സോമവാർപേട്ടയില്‍ 16-കാരിയായ വിദ്യാർഥിനിയെ കൊലചെയ്ത പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. സോമവാർപേട്ട താലൂക്ക് സുർലബ്ബി ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് തലയറുത്ത് കൊന്നത്. കൊല നടത്തിയ ഹമ്മിയാല ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ(32)യെ പോലീസ് അറസ്റ്റുചെയ്തു.
പ്രതിക്കൊപ്പം പരിശോധന നടത്തിയ പോലീസ് സംഘം സംഭവസ്ഥലത്തിനും 100 മീറ്റർ അകലെ കുറ്റിക്കാട്ടില്‍നിന്ന് അറുത്തെടുത്ത തല കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം വിദ്യാർഥിനിയുടെ വീടിനുസമീപത്തുനിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രകാശിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പില്‍ ആരോ പരാതി നല്‍കിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂവെന്ന് പോലീസ് അറിയിച്ചതിനാല്‍ വിവാഹം മുടങ്ങി. വിവാഹം മുടക്കിയത് പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയില്‍ ബലപ്പെട്ടിരുന്നതായും അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായും കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ ശനിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതിനാല്‍ത്തന്നെ പ്രതി വീണ്ടും ഇവിടെയെത്തി പെണ്‍കുട്ടിയുടെ സഹോദരിയെക്കൂടി കൊലപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിയുണ്ട നിറച്ച തോക്കുമായി എത്തിയ പ്രതിയെ പോലീസ് ശനിയാഴ്ച പുലർച്ചെയോടെ പിടികൂടിയത്.
പ്രതി തൂങ്ങിമരിച്ചെന്ന നിലയില്‍ ദ്യശ്യമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വാർത്ത പരന്നതും പോലീസ് ഇത് നിഷേധിക്കാതിരുന്നതും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പ്രതിയുടെ വീടിനുസമീപം കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് മറ്റൊരാളാണെന്നും സ്ഥിരീകരിച്ചു. ഇത്തരം പ്രചാരണം നടത്തിയവരെ അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടിയെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് കെ. രാമരാജൻ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?