നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; എയർ ഇന്ത്യ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ബന്ധുക്കൾ

  • 16/05/2024

മസ്‌ക്കറ്റിൽ ചികിത്സയിലിരിക്കെ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എയർ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തെ തുടർന്ന് നമ്പി രാജേഷിനെ അവസാനമായി കുടുംബത്തിന് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിന് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. ഇതിനുശേഷം കരമനയിലെ വീട്ടിലേക്ക് തിരിക്കും. ഇന്നുച്ചയോടെ ശാന്തികവാടത്തിൽ ആണ് നമ്പി രാജേഷിന്റെ സംസ്‌കാരം നടക്കുക.

എയർ ഇന്ത്യ ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്ക് കാരണമാണ് നമ്പി നാരായണനെ കാണാൻ കുടുംബത്തിന് പോകാൻ കഴിയാതിരുന്നത്. ഒമാനിൽ ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായിരുന്നു പ്രവാസിയായ നമ്പി രാജേഷ്. ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ ചികിത്സയിലായിരുന്ന രാജേഷിന്റെ അടുത്തെത്താൻ ബന്ധുക്കൾക്കായില്ല. കമ്പനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനും രാജേഷിന്റെ കുടുംബം ആലോചിക്കുന്നുണ്ട്.

എട്ടാം തീയതി ഭാര്യ അമൃതയും അമ്മയും നമ്പി രാജേഷിനടുത്തേക്ക് അടിയന്തരമായി പോകാനെത്തുമ്പോഴാണ് വിമാനം റദ്ദായ വിവരമറിയുന്നത്. തുടർന്ന് വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. പിന്നീട് അടിയന്തരസാഹചര്യം പരിഗണിച്ച് അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നൽകിയെങ്കിലും പണിമുടക്ക് തുടർന്നതിനാൽ യാത്ര റദ്ദായി. സാഹചര്യം വിശദീകരിച്ച് ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഏഴാം തീയതി മുതൽ തന്നെ നമ്പി രാജേഷ് ആശുപത്രിയിലായിരുന്നു. ഭാര്യയെയും മക്കളെയും കാണണമെന്ന് അന്നു തന്നെ അറിയിച്ചിരുന്നു.

Related News