സ്കൂള്‍ തുറക്കല്‍: ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി,'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉടൻ നല്‍കണം'

  • 16/05/2024

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി നടപടിയെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ പരമപ്രധാനമാണ്. കൃത്യമായ പരിശോധനകള്‍ അനിവാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കാലതാമസം തയ്യാറെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു.

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനായി ജനജാഗ്രതാ സമിതികള്‍ ശക്തമാക്കണം. വിദ്യാര്‍ഥികള്‍ ആണ് ലഹരി മാഫിയയുടെ പ്രധാന ഉന്നം. ഇത് മനസിലാക്കി വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ സമൂഹം നല്‍കണം. സമൂഹത്തിന്റെ ജാഗ്രത വിദ്യാലയങ്ങള്‍ക്കുണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടും അക്കാദമിക വര്‍ഷം മുഴുവനായും നിരവധി പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്.

ഇതിലേറ്റവും സുപ്രധാനമായ പദ്ധതി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം മെയ് നാലിന് ചേരുകയുണ്ടായി. കഴിഞ്ഞ അദ്ധ്യയന വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി അതി ശക്തമായ ക്യാമ്ബയിന്‍ സംഘടിപ്പിക്കാനാണ് യോഗത്തില്‍ തീരുമാനമായതെന്ന് മന്ത്രി അറിയിച്ചു.

Related News