'ഗരുഡ പ്രീമിയം': വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

  • 17/05/2024

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. മെയ് അഞ്ചിനാണ് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ഗരുഡ പ്രീമിയം സർവീസ് ആരംഭിച്ചത്. ബസ്സിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും കെഎസ്ആർടിസി ഫേസ്ബുക്കിൽ കുറിച്ചു.

സർവീസ് ആരംഭിച്ചതു മുതൽ 15-ാം തിയ്യതി വരെയുള്ള കാലയളവിൽ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷൻ നേടി ഗരുഡ പ്രീമിയം വിജയകരമായി സർവീസ് തുടരുകയാണെന്നും കെഎസ്ആർടിസി അറിയിച്ചു. പൊതുവെ യാത്രക്കാർ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതൽ 85.26 രൂപ വരെ കളക്ഷൻ നേടാനായിട്ടുണ്ട്. ഇതിനോടകം 450 ൽ കൂടുതൽ യാത്രക്കാർ ഗരുഡ പ്രീമിയം സർവീസിൽ യാത്ര ചെയ്തു കഴിഞ്ഞു.

15-ാം തിയതി വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 46,000 രൂപയ്ക്ക് മുകളിൽ വരുമാനം ബസിൽ നിന്നും ലഭിക്കുന്നുണ്ട്. സാധാരണഗതിയിൽ പ്രീമിയം ക്ലാസ് സർവീസുകൾക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സർവീസിനും ലഭിക്കുന്നുണ്ട്. മറ്റുള്ള രീതിയിൽ വരുന്ന വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമാണെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്തു.

Related News