പൊളിച്ചു മാറ്റരുതെന്ന് ഉടമയ്ക്ക് നിര്‍ബന്ധം; മാവേലിക്കരയില്‍ 1100 സ്ക്വയര്‍ ഫീറ്റ് വീട് 45 അടി പുറകോട്ട് മാറ്റി

  • 18/05/2024

വീട് പൊളിച്ചു മാറ്റാന് മനസ്സില്ലാതെ വന്നതോടെ ഉടമയുടെ ആഗ്രഹപ്രകാരം ചെറിയ പോറല്‍ പോലുമേല്‍ക്കാതെ മാറ്റി സ്‌ഥാപിച്ചു. മാവേലിക്കര പല്ലാരിമംഗലത്തിനു സമീപമാണു 1100 ചതുരശ്രയടി വിസ്‌തീർണമുള്ള വീട് 45 അടിയോളം പിറകോട്ട് മാറ്റി സ്‌ഥാപിച്ചത്.

എല്‍ഐസിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായി വിരമിച്ച മാവേലിക്കര പൊന്നാരംതോട്ടം സ്വദേശി രാമചന്ദ്രൻ നായർ നാല് വർഷം മുൻപാണ് പല്ലാരി മംഗലത്ത് 26 സെൻ്റ് സ്‌ഥലവും വീടും ഉള്‍പ്പടെ വാങ്ങിയത്. പുറകില്‍ ഏറെ സ്‌ഥലം ഉണ്ടായിരുന്നെങ്കിലും വീട് റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഏറെ അസൗകര്യം ഉണ്ടായി. വീട് പൊളിച്ചു പുതിയത് നിർമിച്ചാലോ എന്നാലോചിച്ചു. ചെലവ് ഏറെയായതിനാല്‍ കെട്ടിടം പിന്നിലേക്കു നീക്കാം എന്നായി തീരുമാനം. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ മുംബൈയിലെ കുരുക്ഷേത്ര ശ്രീറാം ടീമിനെ കണ്ടെത്തി. 3 നില കെട്ടിടം ഉയർത്തി മാറ്റി പുതിയ സ്‌ഥലത്തു സ്‌ഥാപിച്ച അനുഭവ സമ്ബത്തുള്ള കമ്ബനിയാണിത്. പിന്നെ പണിയും തുടങ്ങി

ആറ് തൊഴിലാളികളുടെ 45 ദിവസം നീണ്ട അധ്വാനത്തിലൂടെയാണ് ഇത് സാധിച്ചത്. മൊത്തം 8 ലക്ഷം രൂപ ചെലവായി. കെട്ടിടം ഉയർത്തിയതിനൊപ്പം പുതിയ സ്‌ഥലത്തു ബേസ്മെൻ്റ് നിർമാണവും നടത്തിയതിനാല്‍ വേഗം തന്നെ കെട്ടിടം മാറ്റി സ്‌ഥാപിക്കാൻ കഴിഞ്ഞു. 1100 ചതുരശ്രയടി വിസ്‌തീർണമുള്ള വീട് 45 അടിയോളം പുറകോട്ടും അഞ്ചടിയോളം വശത്തേക്കും മാറ്റി സ്‌ഥാപിച്ചു. നിലവില്‍ ഉണ്ടായിരുന്ന കെട്ടിടത്തിലെ കാർ പോർച്ച്‌ മാത്രമാണു സ്‌ഥാനമാറ്റം വരുത്താതെ പൊളിച്ചു നീക്കിയത്.

Related News