അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവും ഉണ്ടാവാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

  • 19/05/2024

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകള്‍ തയാറാവണം.

സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാമ്ബുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

Related News