പെരുമ്ബാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതിക്ക് തൂക്കുകയര്‍

  • 20/05/2024

പെരുമ്ബാവൂരില്‍ നിയമവിദ്യാർഥിനിയെ ബലാത്സാഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച്‌ ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ചത്. ശിക്ഷയില്‍ ഇളവ് തേടി പ്രതി സമർപ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി. 

പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമർപ്പിച്ച ഹർജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി ബി സുരേഷ്കുമാർ, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്. 

കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂർവങ്ങളില്‍ അത്യപൂർവവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

2016 ഏപ്രില്‍ 28-നായിരുന്നു നിയമവിദ്യാർഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ നിന്ന് വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Related News