തുമ്ബായി ലഭിച്ചത് കാറിന്റെ നിറം മാത്രം, അഞ്ചുമാസത്തിനിടെ പരിശോധിച്ചത് 2000ലധികം സിസിടിവി ദൃശ്യങ്ങള്‍; വയോധികയുടെ അപകടമരണത്തില്‍ പ്രതി പിടിയില്‍

  • 20/05/2024

വയോധികയുടെ മരണത്തിനിടയായ അപകടത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ കടന്നുകളഞ്ഞ വാഹനവും ഓടിച്ചയാളെയും ഹൈദരാബാദില്‍ നിന്ന് കേരള പൊലീസ് പിടികൂടി. അഞ്ചുമാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ കണ്ടെത്തിയത്. സംഭവത്തിന്റെ തുടക്കത്തില്‍ വാഹനത്തിന്റെ നിറം മാത്രമായിരുന്നു പൊലീസിന്റെ കൈയില്‍ തുമ്ബായി ഉണ്ടായിരുന്നത്.

തുടര്‍ന്ന് 2000ലധികം സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം കണ്ടെത്തുകയും അപകടം നടന്ന സമയം വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ ദിനേശ് കെ റെഡ്ഡി എന്നയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

2023 ഡിസംബര്‍ 15 നു രാവിലെ പള്ളിയിലേയ്ക്കു പോവുകയായിരുന്ന കോട്ടയം കോരുത്തോട് പനയ്ക്കച്ചിറ 54 കോളനി ഭാഗത്ത് പുതുപ്പറമ്ബില്‍ വീട്ടില്‍ തങ്കമ്മയാണ് (92) അപകടത്തില്‍ പെട്ടത്. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞു വരികയായിരുന്ന കാര്‍ ഇടിച്ച്‌ പരിക്ക് പറ്റിയ അവര്‍ക്ക് ചികിത്സയിലിരിക്കെ അന്നേദിവസം തന്നെ മരണം സംഭവിക്കുകയായിരുന്നു. തങ്കമ്മയെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.

മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ അപ്പോഴത്തെ എസ്‌എച്ച്‌ ആയിരുന്ന ഷൈന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചു. വാഹനത്തിന്റെ നിറം മാത്രമാണ് പൊലീസിന് മനസ്സിലാക്കാനായത്. പരിസരത്തെ 20 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വാഹന നമ്ബര്‍ ലഭിച്ചു. തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനമാണെന്ന് മനസ്സിലായി.

കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മുണ്ടക്കയം എസ്‌എച്ച്‌ഒ തൃദീപ് ചന്ദ്രനും സംഘവും നടത്തിയ തുടരന്വേഷണത്തില്‍ വാഹനം ഹൈദരാബാദിലെ മയപു എന്ന സ്ഥലത്തുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കെ ജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോഷി എന്‍ തോമസ് എന്നിവര്‍ ഹൈദരാബാദിലെത്തി വാഹനം കണ്ടെത്തുകയായിരുന്നു.

Related News