ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി

  • 20/05/2024

മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ കിഫ് ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.

ബുധനാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍, ഇടപെടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എജെ ദേശായി, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാല്‍, തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്ന് ജസ്റ്റിസ് ടി ആര്‍ രവി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇടക്കാല ഉത്തരവിന്റെ കാലാവധി കഴിഞ്ഞതായി ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും സിംഗിള്‍ ബെഞ്ച് പരിഗണിക്കാനിരിക്കുന്നതിനാല്‍ ഇടപെടുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി ഇഡി സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചിരുന്നു.

Related News