പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം; വിദഗ്ദ സംഘം ഇന്നെത്തും

  • 23/05/2024

പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിയിൽ അന്വേഷണം തുടരുന്നു. കുഫോസിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് പ്രശ്‌നബാധിത മേഖല സന്ദർശിക്കും. മത്സ്യ കർഷകരുടെ നഷ്ടം കണക്കാക്കാൻ ഇന്ന് വരാപ്പുഴ പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. ചത്തുപൊങ്ങിയ മീനുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും.

പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിൻറെ കാരണമാണ് വിദഗ്ദ സംഘം വിശദമായി അന്വേഷിക്കുക. നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശമുള്ളതിനാൽ ഇന്ന് ഒരു ദിവസമാകും കാര്യമായ നിലയിൽ അന്വേഷണത്തിന് സമയമുണ്ടാകുക. നാളെത്തന്നെ വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയാൽ സംഭവത്തിൽ കൂടുതൽ വ്യക്തത കൈവരും.

പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മത്സ്യകൃഷിക്കാരോടും നാട്ടുകാരോടുമൊപ്പം ചേർന്നാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ മലീനികരണ നിയന്ത്രണ ബോർഡ് ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാർ ചത്തുപൊന്തിയ മീനുകൾ എറിഞ്ഞു. അടുത്ത മാസം വിളവെടുക്കാൻ പാകമായ മീനുകളാണ് ചത്തുപൊന്തിയിരിക്കുന്നത്. മീൻവളർത്തുന്നവരും പിടിക്കുന്നവരും എല്ലാവരും ദുരന്താവസ്ഥയിലാണ്.

Related News