വെള്ളത്തില്‍ മുങ്ങി കൊച്ചി,ഗതാഗതക്കുരുക്ക്; നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞുവീണു, ആറു ജില്ലകളില്‍ കനത്തമഴ

  • 28/05/2024

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും കനത്തമഴ. ശക്തമായ മഴയില്‍ എറണാകുളം നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കാക്കനാട് ഇന്‍ഫോപാര്‍ക്ക്, ആലുവ- ഇടപ്പള്ളി റോഡ്, പാലാരിവട്ടം- കാക്കനാട് റോഡ്, സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായി വെള്ളം കയറിയത്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴുമണി മുതലാണ് എറണാകുളത്ത് കനത്തമഴ അനുഭവപ്പെട്ട് തുടങ്ങിയത്. കനത്തമഴയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ റോഡില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് ദൃശ്യമായത്. ഇതുമൂലം പലര്‍ക്കും കൃത്യസമയത്ത് ഓഫീസില്‍ എത്താന്‍ സാധിച്ചില്ല. റോഡില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ കാല്‍നടയാത്രക്കാരും ദുരിതത്തിലായി. ഇടപ്പള്ളി മരോട്ടിച്ചുവടില്‍ വീടുകളിലും റോഡിലും വെള്ളം കയറി. വൈറ്റില, കളമശേരി, കലൂര്‍, എംജി റോഡ്, എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മഴയോടനുബന്ധിച്ചുള്ള ശക്തമായ കാറ്റില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ കെഎസ്‌ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല. ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാതയില്‍ മരം വീണത് വാഹനഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കി. 

തിരുവനന്തപുരം, കൊല്ലം എന്നി ജില്ലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിലിന്റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. എംസി റോഡില്‍ നിലമേല്‍, വാളകം എന്നിവിടങ്ങളിലും ദേശീയപാതയില്‍ കൊട്ടിയം, ചാത്തനൂര്‍ മേഖലകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.

Related News