കോഴ വിവാദങ്ങള്‍ക്കിടെ ബാറുടമകളുടെ സംഘടനയുടെ തിരുവനന്തപുരത്തെ ഓഫീസ് കെട്ടിടത്തിന്റെ രജ്സിട്രേഷൻ നടപടികള്‍ ഇന്ന് പൂർത്തിയാകും. മദ്യനയം മാറ്റത്തിന് ബാറുടമ നേതാവ് കോഴ ആവശ്യപ്പെട്ടത് വിവാദമായപ്പോള്‍ പണം പിരിച്ചത് കെട്ടിടം വാങ്ങാനെന്നായിരുന്നു സംഘടനയുടെ വിശദീകരണം. പിഎംജിയിലാണ് കെട്ടിടം. 28 സെൻറ് ഭൂമിയില്‍ രണ്ടുകെട്ടിടങ്ങളാണ് സംഘടന വാങ്ങുന്നത്.
ഒരു പ്രവാസിയുടെ ഉടമസ്ഥതയിലള്ള ഭൂമിയും കെട്ടിടവും വാങ്ങാനുള്ള നടപടി നേരത്തെ തുടങ്ങിയിരുന്നു. 5 കോടി 60 ലക്ഷം ഭൂ ഉടമക്ക് നല്‍കുമെന്നാണ് വിവരം. രജിസ്ട്രേഷൻ തുക കൂടി കൂട്ടി 6 കോടി പത്ത് ലക്ഷം ചെലവ് ഉണ്ടെന്നാണ് സംഘടനയുടെ അവകാശവാദം.
തിരുവനന്തപുരത്ത് സംഘടനക്ക് വാടകക്കെട്ടിടത്തില്‍ ഓഫീസും ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും പ്രവർത്തിക്കുന്നു. ഇത് രണ്ടും ഈ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. നിലവില്‍ കൊച്ചിയിലെ ഓഫീസാണ് ആസ്ഥാനം. യോഗങ്ങള്‍ ചേരുന്നതും കൊച്ചിയിലാണ്. കൊച്ചിയിലേത് ജില്ലാ കമ്മിറ്റിയുടെ ഓഫീസാണെന്നും അതു കൊണ്ടാണ് തലസ്ഥാനത്ത് പുതിയ ആസ്ഥാനം വാങ്ങുന്നതെന്നുമാണ് സംഘടനയുടെ വിശദീകരണം.
തിരുവനന്തപുരത്ത് ഓഫീസ് വാങ്ങുന്നതിനോട് സംഘടനക്കുള്ളില്‍ കടുത്ത എതിർപ്പുയർന്നിരുന്നു. സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ അംഗങ്ങളുടെ ഗ്രൂപ്പിലേക്ക് രണ്ടരലക്ഷം ആവശ്യപ്പെട്ട് ഓഡിയോ ഇട്ടത് വൻ വിവാദമായിരുന്നു. മദ്യനയത്തിലെ മാറ്റത്തിനുള്ള പ്രത്യുപകാരമെന്നായിരന്നു ഓഡിയോയില്‍ പറഞ്ഞത്. ഓഡിയോ പുറത്തായതോടെ സംഘടനാ നേതൃത്വം പണപ്പിരിവ് ഈ കെട്ടിടം വാങ്ങാനെന്ന് വിശദീകരിച്ചു. അനിമോനും ഈ നിലപാട് പറഞ്ഞ് മലക്കംമറിഞ്ഞു. പക്ഷെ കെട്ടിട ഫണ്ടിലേക്ക് ഒരുലക്ഷം രൂപ മാസങ്ങള്‍ക്ക് മുമ്ബെ പിരിച്ചതിന്റെ വിവരം പുറത്തുവന്നിരുന്നു. കോഴ വിവാദവും അന്വേഷണവും തുടരുന്നതിനിടെയാണ് സംഘടന പുതിയ കെട്ടിടം വാങ്ങുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?