ഇടുക്കിയില്‍ കനത്ത മഴ; പലയിടങ്ങളിലും മണ്ണിടിഞ്ഞു; രാത്രിയാത്രയ്ക്ക് നിരോധനം

  • 31/05/2024

ഇടുക്കിയില്‍ ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴ-പുളിയന്മല നാടുകാണി സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞു. കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. തൊടുപുഴ- പുളിയന്മല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച്‌ കളക്ടര്‍ ഉത്തരവിറക്കി. 

തീവ്രമഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പില്‍ പറയുന്നു പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും കലക്ടറുടെ മുന്നറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി അടുത്ത ഏഴ് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്.

Related News