കാറില്‍ സ്വിമ്മിങ് പൂള്‍: സഞ്ജു ടെക്കിക്കെതിരെ കര്‍ശന നടപടി വേണം: ഇടപെട്ട് ഹൈക്കോടതി

  • 31/05/2024

പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ കർശന നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നല്‍കി. സഞ്ജു ടെക്കിയുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ മോട്ടോർ വാഹനവകുപ്പ് അറിയിക്കാനും കോടതി പറഞ്ഞു.

ചട്ടവിരുദ്ധമായി വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണം. മോട്ടോർ വാഹന ചട്ടം ലംഘിക്കുന്ന വ്ളോഗർമാർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാമെന്നും കോടതി സർക്കാരിനെ അറിയിച്ചു.

മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രൻ, പിബി അജിത് കുമാർ, അനില്‍ കെ നരേന്ദ്രൻ, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേസ് പരിഗണിച്ചത്.

സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി.

Related News