14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ 48കാരനായ അച്ഛന് 14 വർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവനന്തപുരത്ത് നടന്ന സംഭവത്തില്‍ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. രേഖ വിധിയില്‍ പറയുന്നു.
2023 ഫെബ്രുവരിയില്‍ ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉറങ്ങിക്കിടന്ന കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പ്രതി പിടിക്കുകയായിരുന്നു . 2020ലെ കൊവിഡ് കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്നാട്ടില്‍ ആയതിനാല്‍ സംഭവസമയത്ത് വീട്ടില്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. ഉപദ്രവത്തിനിരയായ കുട്ടി മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് അമ്മ ആത്മഹത്യ ചെയ്തിരുന്നു. പ്രതിയുടെ ഉപദ്രവത്തില്‍ മനംനൊന്തായിരുന്നു ഈ ആത്മഹത്യയും. തമിഴ്നാട് സ്വദേശികളായ ഇവർ അതിനു ശേഷമാണ് തിരുവനന്തപുരത്ത് താമസമാക്കിയത്.
പീഡനത്തിന് പുറമെ പ്രതി നിരന്തരം കുട്ടിയെ മർദ്ദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തതയായി പിന്നീട് കണ്ടെത്തി. പരാതി നല്‍കിയാല്‍ സംരക്ഷിക്കാൻ മാറ്റാരുമില്ലാത്തതിനാല്‍ കുട്ടി വിവരം പുറത്തു പറഞ്ഞില്ല. പീഡനം വർധിച്ചപ്പോള്‍ മറ്റ് നിവൃത്തിയില്ലാതെ കുട്ടി കൂട്ടുകാരികളോട് വിവരം പറഞ്ഞു. ഇവർ സ്കൂള്‍ അധ്യാപികയെ കാര്യം ധരിപ്പിച്ചു. സ്കൂളിലെ അധ്യാപകരാണ് പേരൂർക്കട സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍, പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയില്‍ പറയുന്നു. കുട്ടിയുടെ നിസ്സഹായവസ്ഥയെ പ്രതി ചൂഷണം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം പഠനം മുടങ്ങിയ കുട്ടി തമിഴ്നാട്ടിലേയ്ക്ക് പോയി. കുട്ടിയുടെ ചേച്ചിയും പ്രതിക്കെതിരെ മൊഴി പറഞ്ഞു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വക്കേറ്റ് അഖിലേഷ് ആർ.വൈ എന്നിവർ ഹാജരായി . പേരൂർക്കട പോലീസ് സ്റ്റേഷൻ എസ്.ഐ വൈശാഖ് കൃഷ്ണൻ ആണ് കേസ് അന്വേഷിച്ചത്. 19 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകളും രണ്ട് തൊണ്ടി മുതലും ഹാജരാക്കി. കുട്ടിക്ക് ലീഗല്‍ സർവീസസ് അതോറിറ്റി മുഖേന നഷ്ട പരിഹാരം നല്‍ക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?